Tuesday, September 30, 2008

മാരീച-രാജേന്ദ്ര സംവാദം

മാരീചന്‍ എന്ന ബ്ലോഗറും മാരീചനും മുമ്പേ ബ്ലോഗറായ മാതൃഭൂമിയിലൂടെ മലയാളിക്ക്‌ സുപരിചിതനായ ഇന്ദ്രന്‍ എന്ന എന്‍.പി. രാജേന്ദ്രനും തമ്മിലുള്ള സംവാദത്തിലൂടെ ഒരു മീഡിയ എന്ന നിലക്ക്‌ മലയാളം ബ്ലോഗിന്റെ സാദ്ധ്യതയും അതിന്റെ ദൗത്യവും നിര്‍വ്വഹിച്ചിരുന്നു കഴിഞ്ഞ ദിനങ്ങള്‍. അറിഞ്ഞ വിവരങ്ങള്‍ മുതലാളിയേയും മേലധികാരികളേയും ഭയക്കാതെ ജനസമക്ഷം അവതരിപ്പിക്കാം എന്ന ബ്ലോഗുകളുടെ സാദ്ധ്യതയെ മാരീചന്‍ പരമാവധി ഇവിടെ ഉപയോഗപ്പെടുത്തി.
സംവാദ പോസ്‌റ്റുകള്‍ :
മാരീചന്‍ : മുര്‍ഡോക്കും ഫാരിസും പിന്നെ ഏഷ്യാനെറ്റും
എന്‍.പി.ആര്‍. : മര്‍ഡോക്‌ വന്നിട്ട്‌ കാലമെത്രയായി !
മാരീചന്‍ : വിശുദ്ധ പശുക്കളുടെ അകിടും തേടി...
എന്‍.പി.ആര്‍. : മര്‍ഡോക്കും മാരീചനും മൂര്‍ത്തിയും ശേഷം മഹാന്മാരും
മാരീചന്‍ : എന്‍ പി രാജേന്ദ്രന് ആദരവോടെ.........
മാരീചന്‍ : എന്‍ പി ആറിന് മറുപടി... രണ്ടാം ഭാഗം
മാരീചന്‍ : മറുപടി - അവസാന ഭാഗം

ആഗോള മാധ്യമഭീമന്‍ മര്‍ഡോകിന്റെ മലയാളനാട്ടിലേക്കുള്ള വരവുമായി ബന്ധപ്പെട്ടാണ്‌ സംവാദം തുടങ്ങിയതെങ്കിലും കമന്റിടപെടലുകളിലൂടെ ഫാരിസ്‌ അബൂബക്കറും വി.എസ്‌. അച്യൂതാനന്ദനും പിന്നെ മാതൃഭൂമിയും കടന്നുവന്നു. മാതൃഭൂമിയുടെ പിന്നാമ്പുറകഥകളാണ്‌ വായനക്കാരെ ഏറെ ആകര്‍ഷിച്ചത്‌. വി.എസിനെക്കുറിച്ചധികം പറയുമ്പോള്‍ കാളിദാസനും ചിലയിടത്ത്‌ വ്യക്തിഹത്യയുടെ തലത്തിലേക്ക്‌ വാക്കുകള്‍ വന്നപ്പോള്‍ സിമിയും ഇടപെടുന്നു.

ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌
ഉയര്‍ന്ന ജനാധിപത്യബോധമുള്ളതിനാലാവും മലയാളിക്ക്‌ പത്രപാരായണം ജീവിതത്തില്‍ അനിവാര്യമായ ഒരു ഘടകമാണ്‌. ജനാധിപത്യത്തിന്റെ "നാലാംകാല്‍" എന്നാണ്‌ പൊതുവെ മാധ്യമങ്ങളെ വിശേഷിപ്പിക്കാറ്‌. മറ്റു മൂന്നു ഘടകങ്ങളിലേയും അരുതായ്‌മകളെക്കുറിച്ച്‌ അല്‍പാല്‍പ കഥകളെങ്കിലും പത്രങ്ങളിലുടെ ലഭിക്കാറുണ്ട്‌. ബാക്കി വന്ന അല്‍പഭാഗത്തെ മലയാളി മുക്കിലും മൂലയിലും കൂടിയിരുന്ന്‌ വാമൊഴിയായി ഇരുന്ന്‌ പൂരിപ്പിക്കാറുമുണ്ട്‌. എന്നാല്‍ നമുക്കു കിട്ടുന്ന അത്തരം വാര്‍്‌ത്തകള്‍ അല്‍പം മാത്രമാവുന്നതിന്‌ കാരണം, ഒരു പക്ഷേ മാധ്യമങ്ങളുമായി ബന്ധപ്പെട്ട വീണ്ടും ചില അരുതായ്‌മകളാവാം. ഇങ്ങിനെ വയ്യായ്‌മകളിലെത്തിപ്പെട്ട നാലാം കാലിനു ഊര്‍ജ്ജം പകരുന്ന തരത്തിലാണ്‌ മാധ്യമലോകത്തേക്ക്‌ ബ്ലോഗുകളുടെ വരവ്‌. ഒരു ബ്ലോഗര്‍ എന്ന നിലയില്‍ വസ്‌തുതകള്‍ വെളിയില്‍ അവതരിപ്പിക്കാനുള്ള മാരീചന്റെ ശ്രമത്തെ അഭിനന്ദിക്കുന്നു അതോടൊപ്പം കാര്യങ്ങള്‍ വായിക്കുകയും പ്രതികരിക്കുകയും ചെയ്‌ത രാജേന്ദ്രനേയും.

എന്നാല്‍,
മാധ്യമങ്ങളിലെ പിന്നാമ്പുറകഥകള്‍ മലയാളിയുടെ പരദൂഷണ വേദികളില്‍ ചിലപ്പോഴൊക്കെ വിരുന്നായി വരാറുണ്ട്‌. വേണ്ടത്ര ആധികാരികതയില്ലാത്ത ഈമാതിരി വാമൊഴികളെ മലയാളികള്‍ പെട്ടെന്നൊന്നും വിഴുങ്ങാറുമില്ല. ക്രൈം നന്ദകുമാറിനെ ശരാശരി മലയാളി വായനക്കാര്‍ എതിരേറ്റതും അരുതാത്തത്‌ അറിയാനുള്ള വ്യാഗ്രതകൊണ്ടുമാത്രം. കേള്‍ക്കാനുള്ളതൊക്കെ ചെവികൂര്‍പ്പിച്ച്‌ മൂളി കേട്ടും വായിച്ചും "ങ്‌ഹാ.. എല്ലാം കണക്കാ" എന്ന്‌ നെടിവീര്‍പ്പിട്ട്‌ പതിവുപോലെ മൂടും തട്ടി മലയാളി എഴുന്നേറ്റു പോവും. ഈയൊരു അപര്യാപ്‌തതയെ ഏതു തരത്തിലാണ്‌ ബ്ലോഗുകള്‍ പരിഹരിക്കുന്നത്‌ എന്ന്‌ ബ്ലോഗര്‍മാര്‍ സ്വയം പരിശോധിക്കേണ്ടതുണ്ട്‌. മറ്റു മീഡിയകള്‍ക്കുമേല്‍ സമൂഹത്തിന്‌ ഒരു വിശ്വാസമുണ്ട്‌. സത്യസന്ധമല്ലാത്തത്‌ വിചാരണ ചെയ്യപ്പെടും എന്ന ഉറപ്പുള്ളതുകൊണ്ടാവാം അത്‌. എന്നാല്‍ ഇതുപോലുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ബ്ലോഗുകളില്‍ എന്ത്‌ ആധികാരികതയാണുള്ളത്‌. എങ്ങിനെയെങ്കിലും ആധികാരികതയും വിശ്വാസതയും ആര്‍ജ്ജിച്ചാല്‍ മാത്രമെ ഒരു മാധ്യമം എന്ന നിലക്ക്‌ ബ്ലോഗുകള്‍ക്ക്‌ നട്ടെല്ലുയര്‍ത്തി തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയൂ. കവിതയെഴുത്തിനും കഥ പറച്ചിലിനും ഉള്ള സ്വാതന്ത്ര്യം സമൂഹവുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരും കാണിച്ചാല്‍ അത്തരം ഭാഷണങ്ങളെ മഞ്ഞപത്രങ്ങളിലെ പരദൂഷണ കോളത്തിനുള്ള പ്രാധാന്യമെ പൊതുജനം കല്‍പിച്ചുതരികയുള്ളു.

4 comments:

ഷാജൂന്‍ said...

തെഹല്‍ക മോഡല്‍ തെളിവവതരണം ബ്ലോഗുകളില്‍ വേണം. അതിനുള്ള എത്രമാത്രം സാദ്ധ്യതകളാണ്‌ മലയാളിക്ക്‌ മുന്നില്‍ ഇന്നുള്ളത്‌ ! രാഷ്ട്രീയം, പത്രം, മതം, ഭൂമി, സര്‍ക്കാര്‍ ഓഫീസ്‌, പോലീസ്‌, വര്‍ഗ്ഗീയത തുടങ്ങി എന്തെല്ലാം.

മാരീചന്‍ said...

"ഇന്ദ്രന്‍സ്" എന്നല്ല "ഇന്ദ്രന്‍" എന്നാണ് എന്‍ പി രാജേന്ദ്രന്റെ തൂലികാ നാമം. തിരുത്തുമല്ലോ..
അഭിപ്രായം പറയേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും മറ്റുളളവരാണ്. വിധിയെഴുത്ത് അവര്‍ക്കു വിടുന്നു.

Suraj said...

ചര്‍ച്ചയ്ക്ക് ഈ ഒരു ഡൈമെന്‍ഷന്‍ കൊണ്ടുവരാന്‍ ഈ പോസ്റ്റ് സഹായകമാകട്ടെ.

ഷാജൂന്‍ said...

മാരീചന്‍, തെറ്റില്‍ ചൂണ്ടിയതിന്‌ നന്ദി. തിരുത്തി.