Tuesday, September 2, 2008

ബൂലോഗ ഓണവും റാഗിംഗും

അധികം പേരും പൊതുവെ ബ്ലോഗുകളുമായി ഇടപഴകുന്നത്‌ സ്വയം ആവിഷ്‌കരിക്കാനുള്ള ഒരവസരമായിട്ടാണ്‌. കവിതയോ കഥയോ ഹാസ്യമോ, അനുഭവക്കുറിപ്പുകളോ എന്തുമാവാം അത്‌. മറ്റു ചിലര്‍ സാമുഹികമായ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കാനും ഇടപെടാനും ഇവിടം ഉപയോഗപ്പെടുത്തുന്നു. മുന്നാമതു ചിലര്‍ വാര്‍ത്തകള്‍ അടക്കം അറിയാവുന്ന അറിവിനെ അന്യനു പകര്‍ന്നുകൊടുക്കുന്നു. മലയാളം ബ്ലോഗുകള്‍ ബാല്യദശയിലൂടെ കടന്നുപോവുന്നതു കൊണ്ടാവാം അത്രക്കധികം ആഴമോ, ഗൗരവമോ, അന്വേഷണാത്മകതയോ വാര്‍ത്തകളിലെ ഇടപെടലുകളോ ഇവിടെ പരിമിതമാണ്‌.

അതരിപ്പിച്ച വിഷയങ്ങളെ പൂര്‍ണ്ണമാക്കാന്‍ കമന്റു വാതിലുകളിലൂടെ വായനക്കാരനു കടന്നുവരാം എന്നതാണ്‌ ഇതിന്റെ വലിയ സാദ്ധ്യത എന്നു തോന്നുന്നു. മറ്റു മാധ്യമങ്ങളില്‍ നിന്നും ബ്ലോഗുകളെ വ്യത്യസ്ഥമാക്കുന്നതും അതു തന്നെ. കമന്റ്‌ ഓപ്‌ഷന്‍ അടച്ചിട്ട ബ്ലോഗുകള്‍ ഒരു നോട്ടീസുപോലെ വായനക്കാരന്‍ വായിച്ചുപോവുന്നു എന്നുമാത്രം. ശരിക്കും ഓരോ ബ്ലോഗ്‌പോസ്‌റ്റും പൂര്‍ത്തികരിക്കപ്പെടുന്നത്‌ വായനക്കാരന്റെ ഇടപെടലുകളിലൂടേയാവണം. അങ്ങിനെയാവണം ഒരു മാധ്യമം എന്ന നിലക്ക്‌ ബ്ലോഗുകള്‍ പൂര്‍ണ്ണമാവേണ്ടത്‌. വായനക്കാരുടെ ഇടപെടലുകളെക്കുറിച്ച്‌ കൂടുതല്‍ പറയാനാണ്‌ ഇത്രയും സൂചിപ്പിച്ചത്‌.

ആഘോഷവും അടിച്ചമര്‍ത്തലും
വായനക്കാരിടപ്പെട്ട രണ്ടു തരം സമീപനങ്ങള്‍ :
കഴിഞ്ഞ ദിവസങ്ങളില്‍ മലയാളം ബ്ലോഗുകളില്‍ കൂടുതല്‍ വായിക്കപ്പട്ട രണ്ടു വിരുദ്ധപ്രകൃതികളെ ശ്രദ്ധിക്കാനിടയായി. കാപ്പിലാന്റെ
തോന്ന്യാശ്രമം മുറ്റത്തു നടന്ന ഓണാഘോഷങ്ങളാണ്‌ ഒന്ന്‌. പോസ്‌റ്റിനെ വെല്ലുന്ന കമന്റുകളിലൂടെ വായനക്കാരന്റെ സജീവത ഇവിടെ കാണാം. കവിതാമല്‍സരം, കമ്പവലി മല്‍സരം, നാടക മല്‍സരം തുടങ്ങി പൊടിപൂരം തന്നെ ഇവിടം. ഏതൊരു ആഘോഷവും മനുഷ്യബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുന്നു എന്ന വസ്‌തുതക്ക്‌ ഇവിടവും തെളിവായി മാറുന്നു.

ബ്ലോഗു വായനക്കാരനെ വിരുദ്ധ ദിശയിലേക്കു നയിക്കുകയോ, കൂടുതല്‍ വായിക്കപ്പെടുകയോ ചെയ്‌ത മറ്റൊരു ബ്ലോഗ്‌
അനോണിമാഷ്‌ ന്റെ സ്വാശ്രയബ്ലോഗായിരുന്നു. (ബ്ലോഗിന്റെ പേരും ബ്ലോഗുടമയുടെ പേരും കൊള്ളക്കാരന്റെ മുഖംമൂടിപേലെ, വിദൂഷകന്റെ കെട്ടുകാഴ്‌ച പോലെ പെട്ടെന്നു തന്നെ അദ്ദേഹം മാറ്റിക്കളഞ്ഞു. ഇനി നാളെ മറ്റൊന്നാവാം നാമം) ഇവിടെ ബ്ലോഗുകളെ നവീകരിക്കാന്നെന്ന മട്ടില്‍ ചില ദുര്‍ബ്ബലരായ ബ്ലോഗുടമകളെ റാഗ്‌ ചെയ്യുകയായിരുന്നു ഈ മാഷ്‌. പ്രതിലോമപരമായ ദൗത്യനിര്‍വ്വഹണം പോലെ ഇവിടേയും ബ്ലോഗ്‌പോസ്‌റ്റിന്റെ അര്‍ത്ഥങ്ങളും അനര്‍ത്ഥങ്ങളും കമന്റുകളിലൂടെ പൂര്‍ത്തികരീച്ചത്‌ മിക്കവാറും അനോണിമാര്‍ തന്നെ.

ഇനി അതുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങള്‍കൂടി ഇവിടെ കുറിച്ചുവെക്കട്ടെ:

കവിമനസ്സുകള്‍

പൊതുവെ കവികളും കലാകാരന്‍മാരും പലതരം വിഷമങ്ങളും അനുഭവിക്കുന്ന, സാഹചര്യങ്ങളാല്‍ പെട്ടെന്നു ഉലഞ്ഞുപോവുന്ന ദുര്‍ബ്ബലമനസ്സുള്ളവരാണ്‌.. അവരുടെ നെടുവീര്‍പ്പുകളും വിങ്ങലുകളും ബ്ലോഗ്‌പോസ്‌റ്റുകളായി വരികയും ഒരു സഹജീവി എന്ന നിലക്കെങ്കിലും ഒരു തരം അംഗീകാരം അവര്‍ക്ക്‌ മറ്റുള്ളവരുടെ കമന്റുകളിലൂടെ കിട്ടുകയും ചെയ്യുന്നു. ബുദ്ധിപരതക്കപ്പുറം ഹൃദയംകൊണ്ടാണ്‌ പൊതുവെ കവികള്‍ സംവേദിക്കുന്നത്‌. അതുകൊണ്ടാവാം ഇവര്‍ ഭാഷക്കപ്പുറം മാനുഷിക ബന്ധങ്ങള്‍ക്ക്‌ നല്ല വില കല്‍പിക്കുന്നതും. ഈ മനുഷ്യരെ ദയാപരമായി വീക്ഷിക്കാനും വ്യക്തികളെ, അവരുടെ ലോല മനസ്സുകളെ തിരിച്ചറിയാനും പറ്റാതെ കവിതാവിമര്‍ശനത്തിന്റേയും ഭാഷാപരമായ അവഗാഹത്തിന്റേയും അളവുകോലും കുറുവടിയും പിടച്ച്‌ വരുന്ന ബൂലോഗ ബുദ്ധിജീവികളുടെ ഉറഞ്ഞുതുള്ളല്‍ ഭുരിപക്ഷം ബ്ലോഗു വായനക്കാരിലും അറപ്പും വെറുപ്പും ഭയവും ഉളവാക്കി. ഈ കവി വിമര്‍ശകര്‍ വിളയാടിയ ബ്ലോഗുകളിലേക്ക്‌ അഭിപ്രായങ്ങളുമായി കടന്നു ചെല്ലാന്‍ പോലും മറ്റു ബ്ലോഗര്‍മാര്‍ മടിച്ചു. പക്ഷം പിടിക്കാലായി തെറ്റിദ്ധരിച്ച്‌ ആക്രമിക്കപ്പെടുമോ എന്ന ഭയമാണ്‌ ഈ പിന്നോക്കം പോക്കിന്‌ കാരണം.

ബ്ലോഗ്‌ റാഗിംഗ്‌ -സമീപകാല ചരിത്രം

മാനുഷികമായ എല്ലാ ധാരണകളേയും നിസ്സാരവല്‍ക്കരിച്ച്‌ അതി വിമര്‍ശനത്തിലൂടെ, പരിഹാസത്തിലൂടെ അവനവന്‍ വലുപ്പം പ്രകടിപ്പിക്കുന്ന അത്തരം ചില വികൃതിതരങ്ങള്‍ എം.കെ. ഹരികുമാര്‍ എന്ന മലയാളത്തിലെ നിരൂപകന്‍, കലാകൗമുദിയിലെ തന്റെ അക്ഷരജാലകം എന്ന പംക്തിയിലുടെ ബ്ലോഗിലെ ചിലരോടു കാണിച്ചിരുന്നു. മലയാളം ബ്ലോഗര്‍മാരെ അടച്ചാക്ഷേപിച്ച അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഇവിടെ രൂപപ്പെട്ടു. ( ബുലോഗക്ലബ്ബ്‌ ) ഒരു പരീക്ഷണംപോലെ ബ്ലോഗുകളില്‍ ഇടപെടുകയും ഒരു പുതുമാധ്യമം എന്ന നിലക്ക്‌ തന്റെ കഴിവുകള്‍ പ്രകാശിപ്പിക്കുകയും ചെയ്‌തുകൊണ്ടിരുന്ന പ്രധാനപ്പെട്ട ബ്ലോഗര്‍മാര്‍ക്കെതിരെയായിരുന്നു ആ ആക്രമണം. എന്നാല്‍ മേല്‍പറഞ്ഞ പ്രതിഷേധത്തോടെ അത്‌ അവസാനിക്കുകയും മാന്യമായ രീതിയില്‍ ഹരികുമാര്‍ ഇപ്പോള്‍ ബ്ലോഗ്‌ ചെയ്‌തുകൊണ്ടിരിക്കുകയും ചെയ്യുന്നു. മറ്റു ബ്ലോഗര്‍മാര്‍ അദ്ദേഹത്തോട്‌ അപ്പപ്പോഴുള്ള വിയോജിപ്പുകള്‍ മറക്കുകയും താന്‍താന്‍ മേഖലകളിലേക്ക്‌ തിരിയുകയും ചെയ്‌തു എന്ന്‌ ആ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും.

പിന്നീട്‌ സമീപകാലത്ത്‌ വിഷ്‌ണുപ്രസാദ്‌ എന്ന പ്രസിദ്ധ ബ്ലോഗു കവി അദ്ദേഹത്തിന്റെ
പൊട്ടന്‍ ക്ണാപ്പന്‍ -ഒരു തെറിക്കവിത എന്ന കവിത അവതരിപ്പിച്ചപ്പോഴും അതിനു തുടര്‍ച്ചയായി സനാതനന്റെ കവിതാ കമന്റു മുറ്റത്തും കിണകിണാപ്പന്‍ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ടു വന്ന്‌ തോറ്റോടി.

ഈയടുത്ത്‌ ശ്രീമതി ശ്രീദേവിയുടെ കവിതാപുസ്‌തകം എം.കെ. ഹരികുമാറുമായി ബന്ധപ്പെട്ടവര്‍ പുറത്തിറക്കുകയും അവരുടെ ഹോംപേജില്‍ മോശം വിവര്‍ത്തനം നിര്‍വ്വഹിക്കുകയും ചെയ്‌തപ്പോഴാണ്‌ അനോണിമാഷിന്‌ സാഹിത്യപ്രേമം മൂത്ത്‌ ഭാഷാവിമര്‍ശനവാളുമായി പഴയ ബോധം വെച്ച്‌ ഇടംവലം നോക്കാതെ, അവരുടെ ഫോണ്‍ നമ്പറും, ഇമെയില്‍ ഐഡി.യും ബ്ലോഗില്‍ കൊടുത്തിട്ടുപോലും വെറുതെ ഒന്നു വിളിച്ചന്വേഷിക്കാന്‍ പോലും മിനക്കെടാതെ, സത്യമറിയാതെ അവരെ പരിഹസിക്കാന്‍ തുനിഞ്ഞത്‌. ഇവിടെ ഹരികുമാര്‍ ചെയ്‌തതിനേക്കാള്‍ മോശം പ്രവര്‍ത്തിയാണിതെന്ന്‌ അനോണിമാഷ്‌ തെളിയിച്ചു. കാരണം അനോണി മാഷിന്റെ ഇത്തരം പ്രവര്‍ത്തികളുടെ ഫലമായി ശ്രീദേവിനായര്‍ അവരുടെ ബ്ലോഗ്‌പോസ്‌റ്റുകള്‍ തന്നെ ഡിലിറ്റു ചെയ്‌തു. (
ബ്ലോഗ് പുലിയ്ക്ക്, ) ഹിറ്റ്‌ലറെ പോലെ സ്വയം മരിച്ചിട്ടോ വേഷംമാറി പുനര്‍ജനിച്ചാലോ ചോര പുരട്ടിയ ചരിത്രം ഇല്ലാതാവില്ലല്ലൊ.

സ്വാതന്ത്ര്യം അന്ധനാക്കുമ്പോള്‍

അനോണിമാഷെപോലുളളവര്‍ ഇത്‌ സ്വാതന്ത്ര്യത്തിന്റെ വിനിയോഗമായി കരുതുന്നു. മറ്റുള്ളവരുടെ മനസ്സും വേദനയും അറിയാത്തവര്‍ക്ക്‌ എന്തു സ്വാതന്ത്ര്യം ? അല്ലെങ്കില്‍ അത്തരം സ്വാതന്ത്ര്യങ്ങള്‍ മറ്റുള്ളവരെ അസ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കുന്നു എന്ന സാമാന്യബോധം പോലും ഇല്ലാതായിപോവുന്ന ഒരവസ്ഥ ഏറെ ദയനീയമല്ലെ.

ബൂലോഗനിലവാര മൂല്യബോധം

അനോണികൂട്ടം പറയാതെ പറഞ്ഞ മറ്റൊരു കാര്യം ബൂലോഗ മൂല്യം മെച്ചപ്പെടുത്താനാണിത്തരം പ്രവര്‍ത്തികള്‍ എന്നാണ്‌. മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാവാം ഇത്തരം പ്രവര്‍ത്തികളിലേക്ക്‌ അവരെ നയിക്കുന്നത്‌. മൂല്യധാരണകള്‍ മനുഷ്യനില്‍ രൂപപ്പെട്ടുവരുന്നത്‌ പരിശീലനങ്ങളിലൂടെയാണ്‌. (നീതിനിര്‍വ്വഹണം നിയമത്തിന്റെ പിന്‍ബലമില്ലാതെ അസാദ്ധ്യമാവുന്ന ബാലാരിഷ്ടതകളില്‍ തന്നെയാണ്‌ മനുഷ്യസമൂഹം ഇന്നും.) പരിശീലനം എന്നാല്‍ പരിഹാസമല്ല. മാന്യമായ രീതിയില്‍ നേര്‍മുഖം കാണിച്ച്‌ തെറ്റുകള്‍ തിരുത്താനുള്ള പ്രേരണ നല്‍കിയും സ്വായം തിരുത്തിയുമാണ്‌ മൂല്യബോധം മെച്ചപ്പെടുത്തേണ്ടത്‌. ഇതു നേര്‍ക്കുനേരായ ഒരു പ്രതിപ്രവര്‍ത്തനമാണ്‌. അല്ലാതെ ഒളിഞ്ഞുനിന്ന്‌ കൂവിയും കളിയാക്കിയും കല്ലെറിഞ്ഞുമല്ല അത്‌ നടക്കേണ്ടത്‌. കാലം തെളിയിക്കേണ്ട ഒരര്‍ത്ഥത്തെ ഞെക്കി പഴുപ്പിക്കുന്നതെന്തിന്‌ ?

എന്നാല്‍ നിയമങ്ങളെ ഭയപ്പെട്ടിട്ടു മാത്രമല്ല മനുഷ്യര്‍ ചില സാമൂഹിക പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കുന്നത്‌. അവനവനോടുള്ള, സഹജീവികളോടുള്ള സ്‌നേഹമാണ്‌ അതിനടിത്തറ. മലയാളിയില്‍ കുറേ കൂടി ശക്തമായ ഈ ബോധത്തെ ഇടതുപക്ഷ മനസ്സെന്നു വിശേഷിപ്പിക്കാം. പുതിയ ബ്ലോഗര്‍മാരെ സ്വാഗതം ചെയ്യുകയും എല്ലാവരുടേയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്ന മലയാളിയുടെ ഈ ഇടതുപക്ഷമനസ്സ്‌ ഇവിടേയും എന്നും ജ്വലിച്ചു തന്നെ നില്‍ക്കും എന്ന്‌ നമുക്കാശിക്കാം.

ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. അനോണിമാഷ്‌ ചില കവികള്‍ക്കെതിരെ തിരിയുമ്പോള്‍തന്നെ ആ എഴുത്തുകാരുടെ പോസ്‌റ്റുകള്‍ക്ക്‌ കമന്റിട്ടവര്‍ക്കു നേരേയും കൊഞ്ഞനം കുത്തിയിരുന്നു. നേരത്തെ പറഞ്ഞതുപോലെ കവിതയുടെ ശില്‍പഭംഗിയേയോ സാഹീതീമൂല്യങ്ങളേയോ അടിസ്ഥാനമാക്കിയല്ല മറ്റുള്ളവര്‍ ഇതുപോലുള്ള കവിതകള്‍ക്ക്‌ കമന്റിടുന്നത്‌. കവിതക്കപ്പുറം വീര്‍പ്പുമുട്ടലുകളുള്ള മനുഷ്യന്‍ എന്ന നിലക്കോ, ഒരു സാധാരണക്കാരന്‍ എന്ന നിലക്കോ ഉള്ള പരിഗണനയും തിരിച്ചും അത്തരം സമീപനം ഉണ്ടാവുമെന്ന പ്രതീക്ഷയുമാണ്‌ കമന്റുകാരെ ചലിപ്പിക്കുന്നത്‌. ഇത്‌ സ്വന്തം അഹന്തയെ തൃപ്‌തിപ്പെടുത്താനല്ല, മറിച്ച്‌ അവതരിപ്പിച്ച സൃഷ്ടികളുടെ പൂര്‍ണ്ണത വായനക്കാരനിലൂടെ അറിയാനാണ്‌, സ്വയം തിരുത്താനാണ്‌, ചലിപ്പിക്കാനാണ്‌. അനോണിമാഷെ പോലുള്ളവരെ ചലിപ്പിക്കുന്നതെന്താണ്‌ ബുദ്ധിപരതയോ, മലയാളം ബ്ലോഗുകളെ 'ഭാഷാപോഷിണി'യാക്കാനുള്ള വ്യാഗ്രതയോ, യാന്ത്രികതയോ, ഉള്‍ഭയമോ, അതോ വെറും ക്രുര മനസ്സോ എന്താണെന്നു മനസ്സിലാവുന്നില്ലല്ലോ.

എന്തായാലം കാലത്തെ ചില മസിലുപിടുത്തങ്ങള്‍ കൊണ്ടു തിരുത്തികളയാമെന്നോ തനിക്കനുയോജ്യമാക്കാമെന്നോ ഉള്ള വ്യാമോഹം വെറുതെ കുറെ വിഡ്‌ഢ്യാന്‍മാരെ സൃഷ്ടിക്കുക മാത്രമെ ചെയ്യൂകയുള്ളു.

6 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അധികം പേരും പൊതുവെ ബ്ലോഗുകളുമായി ഇടപഴകുന്നത്‌ സ്വയം ആവിഷ്‌കരിക്കാനുള്ള ഒരവസരമായിട്ടാണ്‌. കവിതയോ കഥയോ ഹാസ്യമോ, അനുഭവക്കുറിപ്പുകളോ എന്തുമാവാം അത്‌. മറ്റു ചിലര്‍ സാമുഹികമായ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കാനും ഇടപെടാനും ഇവിടം ഉപയോഗപ്പെടുത്തുന്നു. മുന്നാമതു ചിലര്‍ വാര്‍ത്തകള്‍ അടക്കം അറിയാവുന്ന അറിവിനെ അന്യനു പകര്‍ന്നുകൊടുക്കുന്നു. മലയാളം ബ്ലോഗുകള്‍ ബാല്യദശയിലൂടെ കടന്നുപോവുന്നതു കൊണ്ടാവാം അത്രക്കധികം ആഴമോ, ഗൗരവമോ, അന്വേഷണാത്മകതയോ വാര്‍ത്തകളിലെ ഇടപെടലുകളോ ഇവിടെ പരിമിതമാണ്‌.

ഷാജൂന്‍ said...

"അവനവനാത്മ സുഖത്തിനായാചരിക്കുന്നത്‌ അപരനു ഗുണത്തിനായി' വന്നില്ലെങ്കിലും, ആത്മസംതൃപ്‌തിക്കായി ചെയ്യുന്നത്‌ അന്യന്‌ അറപ്പുണ്ടാക്കരുതേ.....

കാപ്പിലാന്‍ said...

ഇതിനെക്കുറിച്ച് പറയുവാന്‍ ഒരാളെങ്കിലും ബൂലോകത്ത് ഉണ്ടായത് നന്നായി .ഓണപരിപടികള്‍ക്കിടയില്‍ ഒരു അനോണി വന്ന് കാട്ടി കൂട്ടിയ പരിപാടിക്ക് ഞാന്‍ കൊടുക്കേണ്ടി വന്ന വില വളരെയേറെയാണ് .ഇപ്പോഴും അതിന്റെ മുറിവുകള്‍ മനസുകളില്‍ നിന്നും പോയിട്ടില്ല .എങ്കിലും ഞാന്‍ ഇപ്പോഴും ബ്ലോഗിലെ വാതിലുകള്‍ എല്ലാം തുറന്നിട്ടിരിക്കുകയാണ് .
നന്നായി ഷാജൂന്‍ ..ആശംസകള്‍ .

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

രണ്ട് ദിവസമായിട്ടും,ആരും വായിക്കാതെ പോവുന്ന ഒരു നല്ല പോസ്റ്റ് ആരെങ്കിലും ഒന്ന് വായിച്ചോട്ടെ എന്നു കരുതി ഒരു കമേന്റ് ഇട്ടപ്പോള്‍ എനിക്കിട്ട് തന്നെ കീറണം കേട്ടൊ!

SreeDeviNair.ശ്രീരാഗം said...

ഷാജൂന്‍,

ഒരിക്കലുംതീരാത്ത
കടപ്പാടുമായിയാണ്,
ഞാന്‍ ഈപോസ്റ്റ് വായിച്ചു
തിരിച്ചു പോകുന്നത്.

മനസ്സാക്ഷിമരിക്കാത്തവര്‍
ഇന്നും ഉണ്ടെന്ന തെളിവില്‍
ഞാന്‍ സന്തോഷിക്കുന്നു.

സ്വന്തം,
ചേച്ചി.

നരിക്കുന്നൻ said...

ഇതൊക്കെ എന്റെ മനസ്സിലും ഒരുപാട് നാളായി തോന്നിത്തുടങ്ങിയ കാര്യങ്ങളാണ്. ബ്ലോഗെന്ന ഈ വലിയൊരു പ്രസ്ഥാന്ത്തെ ഒരിക്കലും അവഗണിക്കാൻ കഴിയില്ല. ഇതിനിടയിൽ കടന്ന് കൂടിയ ചില പോസ്റ്റുകൾ സത്യത്തിൽ ഞാൻ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. അവക്ക് കമന്റിട്ട് വെറുതെ ഒരു പ്രചോതനം ഉണ്ടാക്കി വെക്കാറില്ല. ആരോഗ്യകരമായ ചർച്ചകളും, അഭിപ്രായങ്ങളും, വിമർശനങ്ങളും എപ്പോഴും ഉണ്ടാവേണ്ടതാണ്. പക്ഷേ, ഒരിക്കലും വ്യക്തികളെ വിഷമിപ്പിക്കുന്ന രീതിയിൽ കമന്റുകളും പോസ്റ്റുകളും പ്രോത്സാഹിപ്പിക്കാതിരിക്കുക. ഈ പോസ്റ്റിനോട് ഞാൻ നൂറ് ശതമാനം യോജിക്കുന്നു.